"ഓരോ തുള്ളിയും വിലപ്പെട്ടതാണ്'- ലോകം ഇത്രയേറെ ഏറ്റെടുത്തൊരു ആപ്തവാക്യം കാണില്ല. വെള്ളമായാലും പെട്രോളും ഡീസലുമായാലും സാധാരണക്കാരന്റെ ജീവിതത്തില്‍ഏറെ വിലപ്പെട്ടതാണ് ഓരോ തുള്ളിയും. പെട്രോള്‍ ഒരുതുള്ളി കുറഞ്ഞാല്‍ പമ്പ് ജീവനക്കാരോടു കയര്ക്കുന്നവരുടെ നാട്ടില്‍ പക്ഷേ, പാഴാകുന്ന വെള്ളത്തിനു കണക്കില്ല. കാലാവസ്ഥാ വ്യതിയാനത്തെ പഴിച്ച് സ്വയം സമരസപ്പെടുന്നവരുടെ നാട്ടില്‍ വെള്ളത്തിന്റെ ഓരോ തുള്ളിയും വിലപ്പെട്ടതാണെന്ന സന്ദേശം പുതുക്കിയാണ് ഇത്തവണയും ജലദിനം കടന്നെത്തുന്നത്...
കുഴികുത്തിയൊരുക്കിയ വിപ്ലവം ലോകത്തിനു നൽകുന്ന സന്ദേശവും മറ്റൊന്നല്ല- ഓരോ തുള്ളിയും വിലപ്പെട്ടതാണ്!. പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരത്ത് പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ കിണർവിപ്ലവം പത്തുവർഷം പിന്നിടുന്പോൾ ഓരോ വീട്ടിലും ശുദ്ധമായ കുടിവെള്ളമെന്ന സ്വപ്നമാണ് പൂവണിഞ്ഞത്. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ ഉൾനാടൻ ഗ്രാമം.
അവിടെ 13 വാർഡുകളിലെ മുന്നൂറിലധികം സ്ത്രീതൊഴിലാളികൾ കിണറുകൾ കുഴിക്കുക. അതു പത്തുവർഷക്കാലമായി തുടരുക. പുരുഷമേധാവിത്വമുള്ള കിണർകുഴിക്കൽ മേഖലയിൽ സ്ത്രീകൾ ഇതിനകം കുഴിച്ചതു ഇരുനൂറിലധികം കിണറുകൾ. ഇതല്ലേ യഥാർഥ വിപ്ലവം!.
ഒരോ വാര്‍ഡിലും നാലും അഞ്ചും സംഘങ്ങള്‍ വരെ ഇപ്പോൾ രംഗത്തു സജീവമാണ്. കേരളത്തില്‍ ആദ്യമായി തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി സ്ത്രീതൊഴിലാളികള്‍ കിണര്‍കുഴിക്കുന്ന പഞ്ചായത്താണ് പൂക്കോട്ടുകാവ്. അഞ്ചുപേരിൽ തുടങ്ങിയ സംരംഭം ഇപ്പോൾ മൂന്നൂറോളം പേരിലെത്തിനിൽക്കുന്നു. ശുദ്ധജലത്തിന്റെ വിലയറിയുന്ന വീട്ടമ്മമാരുടെ പ്രതിനിധികളാണ് ഇവർ ഓരോരുത്തരും.
ശുദ്ധജലവും ശുചിത്വവും സ്ത്രീകളുടെയും പെൺകുട്ടികളുടെയും ദൈനംദിന ജീവിതത്തിൽ ചെലുത്തുന്ന പ്രാധാന്യവും സമൂഹത്തിലെ സജീവ ഇടപെടലും ഉറപ്പിക്കണമെന്നതാണ് ഈവർഷത്തെ ജലദിനാചരണത്തിന്റെ സന്ദേശം. ജലവും ലിംഗഭേദവും എന്ന ആപ്തവാക്യത്തിലൂന്നിയാണ് ഇന്നത്തെ ജലദിനം കടന്നുപോകുന്നത്. അങ്ങനെയെങ്കിൽ പൂക്കോട്ടുകാവിലെ കിണർകുഴിക്കുന്ന വീട്ടമ്മമാർ ഇന്നത്തെ താരങ്ങളാണ്. വെള്ളം ഒഴുകുന്നിടത്ത് സമത്വം വളരുന്നുവെന്ന മഹത്തായ സന്ദേശമാണ് ഇവർ ലോകത്തിനു പകർന്നു നൽകുന്നത്.
വെന്തുരുകുമ്പോൾ
വേനലും വരൾച്ചയും പടികടന്നെത്തുന്പോൾ കേരളത്തിന്റെ ശ്രദ്ധയത്രയും പാലക്കാട്ടേക്കെത്തും. വരണ്ടുണങ്ങിയ നെൽപ്പാടങ്ങളും കുടിവെള്ളം കിട്ടാക്കനിയെന്ന വാർത്തകളും മാധ്യമങ്ങളിൽ നിറയുന്പോൾ പുട്ടിനു പീരയെന്ന പോലെ അന്തരീക്ഷച്ചൂടും ആളിപ്പടരും. പൂക്കോട്ടുകാവിലെ പെൺകരുത്തിന്റെ കഥ പടിഞ്ഞാറൻമേഖലയിലാണെങ്കിൽ വരൾച്ചയുടെ രൂക്ഷത കൂടുതൽ പ്രകടമാകുന്നത് കിഴക്കൻമേഖല എന്നറിയപ്പെടുന്ന ചിറ്റൂർ താലൂക്കിലാണ്.
കേരളത്തിൽതന്നെ കൂടിയ താപനിലയും വരൾച്ചയും രേഖപ്പെടുത്തുന്ന പ്രദേശമാണിന്ന് ഈ മേഖല. വരൾച്ച രൂക്ഷമാകുന്പോൾ പുറത്തുവരുന്നൊരു കണക്കുണ്ട്. ഒരുകിലോ നെല്ല് ഉത്പാദിപ്പിക്കാൻ ഏകദേശം 9000 ലിറ്റർ വെള്ളം വേണമെന്നാണ് ഈ കണക്ക്. വെള്ളത്തിന്റെ ലഭ്യതയെക്കുറിച്ചു പറയേണ്ട അധികൃതർ കൃഷിയിലൂടെയാണ് വെള്ളം നഷ്ടപ്പെടുന്നതെന്ന നുണക്കഥ പ്രചരിപ്പിക്കുകയും ചെയ്യും.
വെള്ളം സർവത്രയെങ്കിലും
ഭൂമിയില്‍ ഏറിയപങ്കും വെള്ളമാണ്. പക്ഷേ കുടിക്കാന്‍ ശുദ്ധജലം ലഭ്യമല്ലാത്തവര്‍ ലോകത്തെമ്പാടുമുണ്ട്. കുടിവെള്ളമായി മാത്രമല്ല, ജീവിതവഴിയിലെ ഓരോ ഘട്ടത്തിലും വെള്ളം മനുഷ്യനു അവിഭാജ്യഘടകമാണ്. വെള്ളമെന്നാൽ ഭൂമിയുടെ ഉപരിതലത്തിലുള്ളതു മാത്രമല്ല, ഭൂഗർഭത്തിലെ അളവില്ലാ കലവറകൂടിയാണ്.
1990 കാലഘട്ടം. ലോകരാഷ്ട്രങ്ങൾ ഭൂഗർഭജലം കണ്ടെത്താൻ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചുതുടങ്ങിയ കാലം. അന്ന് രാജ്യത്തുതന്നെ ഏറ്റവുമധികം ഭൂഗർഭജലമുണ്ടായിരുന്ന പ്രദേശമായിരുന്നു പാലക്കാടൻ ചുരം. വർഷങ്ങൾക്കകം സ്ഥിതിയാകെ മാറി. ഭൂഗർഭജലം ഏറ്റവുമധികം ചൂഷണം ചെയ്യപ്പെട്ട പ്രദേശമായി കിഴക്കൻമേഖല ഉൾപ്പെടുന്ന ഈ പ്രദേശംമാറി.
കേരളത്തിൽ ആദ്യമായി കുഴൽക്കിണർ കുഴിക്കുന്നതിനു സർക്കാർ നിയന്ത്രണംകൊണ്ടുവന്നതും ചിറ്റൂർ ബ്ലോക്കിൽ. ഏറ്റവും ഭൂഗർഭജലമുണ്ടായിരുന്ന പ്രദേശം കഴിഞ്ഞ മുപ്പതു വർഷത്തിനിടെ ഏറ്റവും കുറഞ്ഞ പ്രദേശമായി മാറിയതിനു പിന്നിൽ കാലാവസ്ഥാ വ്യതിയാനം മാത്രമല്ലെന്നുവേണം വിലയിരുത്താൻ.
പാലക്കാടിനെ അറിയാം..
പനമരങ്ങളുടെ നാടാണ് പാലക്കാട്. സംഘകാലത്തിൽ പ്രതിപാദിച്ചിട്ടുള്ള അഞ്ചു ഭൂപ്രദേശങ്ങളാണ് മുല്ലൈ, മരുതം, നെയ്തൽ, കുറുഞ്ചി, പാലൈനിലം എന്നിവ. ഇതിൽ പാലൈനിലം എന്ന സമീകൃത പ്രദേശത്തിൽപെടുന്നവയാണ് പാലക്കാടൻ ഭൂപ്രദേശം. ഭൂഗർഭജല സ്രോതസു കൂടിയ മഴനിഴൽ പ്രദേശമായിരുന്നു പാലക്കാട്. പാലക്കാടിന്റെ കിഴക്കൻമേഖലയെക്കുറിച്ച് സർക്കാർ പഠനറിപ്പോർട്ടിലെ പരാമർശവും ഇതുതന്നെ.
“കുറഞ്ഞ തോതിലും ക്രമരഹിതവുമായ മഴയാണ് ലഭിക്കുന്നതെങ്കിലും ഈ യൂണിറ്റിന് കാർഷിക വികസനത്തിൽ സുപ്രധാന പങ്ക് വഹിക്കാനാകും. അനുകൂലമായ ഭൂപ്രദേശം, മണ്ണിന്റെ ക്രിയാശീലത എന്നിവയാണ് സാധ്യതകളിൽ പ്രധാനം.
ജൈവാശംസത്തിൽ കുറവാണെങ്കിലും ജലവും പോഷകങ്ങളും നിലനിർത്താനുള്ള ഉയർന്ന ശേഷി, ക്ഷാരമൂലകങ്ങൾ എന്നിവ കാരണം കുന്നിൻപ്രദേശങ്ങളും താഴ്ന്ന പ്രദേശങ്ങളും ഏറെ ഫലഭൂയിഷ്ടമായി കണക്കാക്കപ്പെടുന്നു” -കാർഷിക കേരളത്തിന്റെ വികസനം ലക്ഷ്യമിട്ട് 2021ൽ കേരള കാർഷിക സർവകലാശാല പുറത്തുവിട്ട പഠനറിപ്പോർട്ടിലാണ് ഈ പരാമർശം.
അതിർത്തിക്കപ്പുറം...
കിഴക്കൻമേഖലയായ ചിറ്റൂർ താലൂക്ക് ജലസമൃദ്ധിയുണ്ടായിരുന്ന കാലഘട്ടത്തിൽ കാർഷികവിളകളുടെ വൈവിധ്യത്താൽ സന്പന്നമായിരുന്നു. ഇന്നു നെല്ലിലും തെങ്ങിലും പച്ചക്കറികളിലും ക്ഷീരകർഷകരിലും മാത്രമായി ഒതുങ്ങുകയാണ് ഇവിടത്തെ പുകഴ്പെറ്റ കൃഷിസമൃദ്ധി.
എന്നാൽ വെള്ളത്തിൽ പഴിചാരി കൃഷി ഉപേക്ഷിക്കേണ്ടി വരുന്ന കർഷകരെ മൂക്കത്തു വിരൽവയ്പ്പിക്കുകയാണ് തൊട്ടടുത്ത്, കിലോമീറ്ററുകൾ മാത്രം അപ്പുറത്തുള്ള തമിഴ്നാട്ടിലെ കർഷകർ. വെള്ളത്തിന്റെ വിലയറിയുന്ന അവർ നാട്ടിൽ വെന്നിക്കൊടി പാറിക്കുന്നു. ഇരുപ്രദേശങ്ങളിലും കാലാവസ്ഥാ വ്യതിയാനം ഒരുപോലെ ബാധിക്കുന്നുണ്ടെങ്കിലും മണ്ണറിഞ്ഞുള്ള കൃഷിരീതി തമിഴ് കൃഷിയെ വല്ലാതെ ഉത്തേജിപ്പിക്കുന്നു.
വെള്ളത്തിന്റെ ലഭ്യതക്കുറവിൽ പരിഭവം പറയാതെ അവർ ഓരോ തുള്ളിയും ഉപയോഗിച്ചുവരുന്നു. ഒറ്റവിളയിൽ ഒതുങ്ങുന്ന കൃഷിരീതിയുമായി നമ്മൾ മുന്നോട്ടുപോകുന്പോൾ ഒരേ കൃഷിയിടത്തിൽ വിവിധയിനം കൃഷിയിറക്കി നഷ്ടം ലാഭത്തിലേക്കു മാറ്റുകയാണ് തമിഴ്കർഷകർ.
തമിഴ്നാട്ടിലുണ്ട് പഠനങ്ങൾ
വെള്ളത്തിന്റെ വിലയറിയുന്നവരാണ് തമിഴ്നാട്ടുകാരെന്ന് അവരുടെ കൃഷിജീവിതം പറഞ്ഞുതരും. ഓരോ തുള്ളിയിലും കൃഷിയുടെ പുതുജീവനും അതിജീവനവും അവർ കണ്ടെത്തുന്നു. കാർഷിക വികസനത്തിനൊപ്പം ജലക്രമീകരണവും അവർക്ക് വിജയഗാഥയൊരുക്കുന്നു.
ചിറ്റൂർ താലൂക്കിനു തൊട്ടടുത്തുള്ള തമിഴ്നാട്ടിലെ പൊള്ളാച്ചി താലൂക്കിലെ പ്രധാന ജലസ്രോതസുകളാണ് കോരയാർ, വരട്ടയാർ പുഴകളും എട്ടു ഉപ നീർത്തടങ്ങളും. ഇതു തന്നെയാണ് അവരുടെ കാർഷികവികസനത്തിന്റെ ആണിവേരും.
പൊള്ളാച്ചി മേഖലയിലെ പ്രമുഖ ജലസ്രോതസായ കോരയാറിനെക്കുറിച്ചു 2020ൽ ഇറങ്ങിയ പഠനം ശ്രദ്ധേയമാണ്. കോരയാർ നീർത്തടത്തിന്റെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിലെ വൈദഗ്ധ്യത്തെക്കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.
ചെട്ടിപ്പാളയം, ചിന്നാരിപാളയം, ഗോപാലപുരം, കിണത്തുകടവ് ഒന്ന്, കിണത്തുകടവ്, കോവിൽപാളയം, നരസിംഗപുരം, പൊള്ളാച്ചി ഒന്ന്, സുൽത്താൻപേട്ട എന്നിവിടങ്ങളിലെ ഭൂഗർഭജലം കൃഷികളിലൂടെ സ്വാഭാവികമായി നികത്തപ്പെടുന്നതായും പഠനം വ്യക്തമാക്കുന്നു.
കരിമ്പനയെന്ന പുണ്യം
രണ്ടുവർഷംമുന്പ് തമിഴ്നാട്ടിൽ പ്രാബല്യത്തിൽ വന്നൊരു പ്രകൃതി ജലസംരക്ഷണ പദ്ധതിയുണ്ട്. കരിന്പനകളുടെ സംരക്ഷണവും പുനഃസ്ഥാപനവുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. വെള്ളത്തിന്റെ വിലയറിഞ്ഞ മുൻതലമുറയുടെ വാട്ടർമാനേജ്മെന്റ് അറിവുകളെ നെഞ്ചോടു ചേർക്കുന്നതാണ് ഈ പദ്ധതി.
ഒരുകാലത്ത് കരിന്പനകൾ പാലക്കാടൻ മണ്ണിന്റെയും വിണ്ണിന്റെയും കാവൽക്കാരായിരുന്നു. ഒരുതുള്ളി ഭൂഗർഭജലം പോലും ചോരാതെ, പാണ്ടിക്കാറ്റിനെ തടഞ്ഞും കടത്തിവിട്ടും ഇവ ആകാശത്തോളം തലയുയർത്തിനിന്നു. പാലക്കാടിന്റെ പ്രതീകമായിരുന്ന കരിന്പനക്കൂട്ടങ്ങളുടെ സീൽക്കാരം പിന്നെയെപ്പോഴോ നിലച്ചുതുടങ്ങി.
എന്നും വെള്ളത്തിനായി കർഷകർ മുറവിളികൂട്ടുന്ന മഴനിഴൽ പ്രദേശമായ പാലക്കാടൻ ചുരത്തിന്റെ ജീവനാഡിയായിരുന്ന കരിന്പനകൾ ഇന്നു വംശനാശ ഭീഷണിയിലാണ്. ഭൂഗർഭജല സംരക്ഷണത്തിനു മുൻതലമുറക്കാർ പകർന്നുനൽകിയ വഴികളിലൊന്നാണ് പനങ്കൂട്ടങ്ങൾ. അതുവഴി സംരക്ഷിക്കപ്പെട്ടിരുന്നതു പുഴയടക്കമുള്ള ജലസ്രോതസുകളും ഭൂഗർഭ ജലവുമായിരുന്നു. പ്രകൃതിനിയമം അനുസരിച്ച് മരങ്ങളുടെ വേരുകൾ വശങ്ങളിലേക്കേ വ്യാപിക്കൂ.
എന്നാൽ കരിന്പനയുടെ ആണിവേര് നേരേ താഴോട്ട്, ഭൂഗർഭത്തിലേക്കു ചെന്നെത്തും. ഒരു പനയ്ക്ക് 10,000 മുതൽ 25,000 ലിറ്റർ വരെ ഭൂഗർഭജലം സംരക്ഷിക്കാൻ കഴിവുണ്ടെന്ന പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയുടെ കണ്ടെത്തൽ മാത്രംമതി കരിന്പനയുടെ പെരുംവില അറിയാൻ.
തലവേദനയായി ബ്രൂവറിയും
ഭൂഗർഭ ജലചൂഷണത്തിൽ റെഡ് അലെർട്ട് പട്ടികയിലുള്ള ചിറ്റൂർ ബ്ലോക്കിനോടു ചേർന്നുള്ള എലപ്പുള്ളിയിൽ ബ്രൂവറി വരുന്നതിനോടു പ്രതിഷേധം തുടരുകയാണ്. പ്രത്യക്ഷമായ, നിയമം വളച്ചൊടിച്ചൊരു ഭൂഗർഭജല ചൂഷണത്തിനാണ് കളമൊരുങ്ങുന്നത്. പുഴകൾക്കും തോടുകൾക്കും വേണ്ടി സമരംനടത്തുന്നവർപോലും ഭൂഗർഭജലം ഇല്ലാതായാൽ എന്താവുമെന്നു ചിന്തിക്കുന്നില്ല.
ഭൂഗർഭജലം ഇല്ലാതാകുന്പോൾ ഭൂമിക്കടിയിൽ അനുഭവപ്പെടുന്ന ശൂന്യത (വാക്വം) മനുഷ്യനു നികത്താനാകില്ല. ഭൂഗർഭഗത്തിലേക്കുള്ള ജലലഭ്യത ഉറപ്പുവരുത്തുകയെന്ന ദൗത്യംമാത്രമേ മനുഷ്യനു ചെയ്യാനാകൂ. ഓരോ യുദ്ധവും നമ്മുടെ അടുക്കളയില്‍നിന്നാണ് തുടങ്ങുന്നതെന്ന ആപ്തവാക്യം സത്യമാവുകയാണ്. പാലക്കാട്ടെ അടുക്കളകളില്‍ വെള്ളത്തിനായി മുറവിളി തുടങ്ങിക്കഴിഞ്ഞു. ആഹാരം പാകംചെയ്യാന്‍പോലും വെള്ളമില്ലാത്ത അവസ്ഥ. ഇറാന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അടുപ്പുകള്‍ അണഞ്ഞുതുടങ്ങുന്പോൾ വെള്ളവുംകൂടി കിട്ടാതായാല്‍ എന്താവും...